Friday, April 01, 2011

മനുഷ്യ കഴുതകള്‍



ഒരിക്കല്‍ ഒരു കഴുത ഒരാളുടെ കൃഷിയിടത്തിലിറങ്ങി. അയാള്‍ കഷ്ടപ്പെട്ട് നട്ടു വളര്‍ത്തി 
വലുതാക്കിയ അയാളുടെ വിളകള്‍ ഓരോന്നായി കഴുത തിന്നു തുടങ്ങി, 'കഴുതയെ എങ്ങിനെ 
കൃഷിയിടത്തില്‍ നിന്നു പുറത്താക്കും?'
അയാള്‍ ആകുല ചിത്തനായി ഉടനെ വീട്ടിലേക്ക് ഓടിച്ചെന്നു, പ്രശ്‌നം ഗുരുതരമാണ് ഉടന്‍ നടപടിയെടുക്കണം.
അയാള്‍ വലിയൊരു വടിയും ഒരു ചുറ്റികയും കുറച്ചാണികളും ഒരു കാര്‍ഡ് ബോഡ് ഷീറ്റും സംഘടിപ്പിച്ചു, 
എന്നിട്ട് കാര്‍ഡ് ബോര്‍ഡില്‍ ഇങ്ങനെ എഴുതി,

'കഴുത ഉടന്‍ എന്റെ കൃഷിയിടത്തില്‍ നിന്നും പുറത്തു പോകണം'

ആ ഫലകം അയാള്‍ വലിയ വടിയില്‍ ബന്ധിച്ചു ആണിയടിച്ചുറപ്പിച്ചു, എന്നിട്ട് അതെടുത്ത് കഴുത മേഞ്ഞു കൊണ്ടിരിക്കുന്ന പാടത്തിനടുത്ത് ഉയരമുള്ള ഒരു സ്ഥലത്ത് കൊണ്ടു പോയി പ്രദര്‍ശിപ്പിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെ
അതു കഴുതയുടെ മുമ്പില്‍ കാണിച്ചിട്ടും കഴുത പുറത്തു പോകാന്‍ കൂട്ടാക്കിയില്ല. 


'കഴുതക്ക് എഴുത്തു വായിക്കാന്‍ കഴിയുന്നുണ്ടാവില്ല' കര്‍ഷകന്‍ പരിതപിച്ചു

അയാള്‍ വീട്ടിലേക്ക് മടങ്ങി. 
നന്നായി കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ കുറെയധികം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടാക്കി.
കുട്ടികളെയും അയല്‍വാസികളെയും നാട്ടുകാരെയും കൂട്ടി ഒരു 'പ്രകടനമായി' പാടത്തേക്കു ചെന്ന് നിരനിരയായി നിന്ന്,
എല്ലാവരും ബോര്‍ഡുകള്‍ കൈകളിലേന്തി ഉറക്കെ ആക്രോശിച്ചു

'പുറത്തു പോകൂ..പുറത്തു പോകൂ.. കൃഷിയിടം വിട്ട് കഴുത പുറത്തു പോകൂ..'

'മൂരാച്ചികഴുത തുലയട്ടെ'

കഴുത മേയുന്ന പാടത്തിനു ചുറ്റും തടിച്ചു കൂടി വലയം തീര്‍ത്ത് അവര്‍ ഉച്ചത്തില്‍ ഇങ്ങനെ അലറിക്കൊണ്ടിരുന്നു

'പുറത്തു പോകൂ, കഴുതേ,

പുറത്തു പോകുന്നതാണ് നിനക്ക് നല്ലത്'

കഴുത കഴുതയുടെ ജോലി നിര്‍ബാധം തുടര്‍ന്നു, അത് വിളതിന്നു കൊണ്ടേയിരുന്നു, ചുറ്റും നടക്കുന്നതൊന്നും അതിനൊരു പ്രശ്‌നമായില്ല. 
അന്ന് സൂര്യന്‍ അസ്തമിച്ചു ക്ഷീണിച്ചവശരായ ജനക്കൂട്ടം നിരാശരായി അവരുടെ വീടുകളിലേക്ക് തിരിച്ചു പോയി

മൂന്നാം ദിവസം രാവിലെ അവര്‍ പുതിയ പോംവഴിയെക്കുറിച്ച് ആലോചിച്ചു, കൃഷിയിടത്തിന്റെ ഉടമ അയാളുടെ വീട്ടില്‍ ചിന്താനിമഗ്‌നനായി പുതിയ പദ്ധതിയെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരുന്നു. അപ്പോഴേക്കും വിളവുകള്‍ മുക്കാല്‍ ഭാഗവും കഴുത തിന്നു തീര്‍ത്തിരുന്നു. അയാള്‍ പുതിയ ഐഡിയ പുറത്തെടുത്തു, കഴുതയുടെ ഒരു കോലം ഉണ്ടാക്കി അതിനെ കഴുതയുടെ മുന്നില്‍ കൊണ്ടു പോയി നിര്‍ത്തി അതില്‍ പെട്രോളൊഴിച്ച് തീ കൊടുത്ത് കത്തിച്ചു കത്തുന്ന കോലത്തിലേക്ക് ഒരു വട്ടം നോക്കിയ ശേഷം കഴുത വീണ്ടു തന്റെ തീറ്റ തുടര്‍ന്നു.

'എന്തൊരു ധിക്കാരം!!

കഴുതക്കെന്തേ ഇതൊന്നും മനസ്സിലാകാത്തത്?'
അവര്‍ ആശ്ചര്യപ്പെട്ടു.

'കഴുതയുമായി ചര്‍ച്ച ചെയ്യാന്‍ നമുക്ക് ഒരു നിവേദക സംഘത്തെ അയക്കാം'

അവര്‍ ഒന്നിച്ചഭിപ്രായപ്പെട്ടു. അങ്ങനെ അവര്‍ കഴുതയെ സമീപിച്ചു 
അവര്‍ കഴുതയോട് പറഞ്ഞു:

'ഈ കൃഷിയടത്തിന്റെ ഉടമ നീ പുറത്തു പോകണമെന്നാവശ്യപ്പെടുന്നു,
ന്യായം അയാളുടെ പക്കലാണ്, നീ എന്തായാലും ഇവിടം വിട്ടു പോകണം'

കഴുത അവരെ നോക്കി വീണ്ടും വിള തിന്നാനാരംഭിച്ചു

നിരന്തരമായ ശ്രമങ്ങള്‍ പിന്നെയും നടത്തിയെങ്കിലും ഫലമുണ്ടായില്ല, ഒടുവില്‍ ഉടമസ്ഥന്‍ ഒരു മധ്യസ്ഥന്‍ മുഖേന
ഇങ്ങനെ ഒരു നിര്‍ദ്ദേശം കഴുതയെ അറിയിച്ചു 

'കൃഷിയിടത്തിന്റെ ഉടമ കൃഷി നിലത്തിന്റെ ചില ഭാഗം വിട്ടു കൊടുത്ത് ഒരു നീക്കു പോക്കിന് തയ്യാറാണ്'

കഴുത മറുപടിയൊന്നും പറഞ്ഞില്ല 
ഉടമ ചോദിച്ചു: 

'മൂന്നിലൊന്ന്?'

കഴുത മിണ്ടാന്‍ കൂട്ടാക്കിയില്ല
അയാള്‍ ചോദിച്ചു

'പകുതി?'

കഴുത അപ്പോഴും നിശബ്ദത പാലിച്ചു

'ശരി.. എങ്കില്‍ നിനക്കിഷ്ടമുള്ളയത്ര എടുത്തോളൂ... എന്നാലും അധികമാകരുത്'

കഴുത തല ഉയര്‍ത്തി അപ്പോഴേക്കും അതിന്റെ വയര്‍ നന്നായി നിറഞ്ഞിരുന്നു. അത് മെല്ലെ കൃഷിയിടത്തിനു പുറത്തേക്കു നടന്നു എന്നിട്ട് എല്ലാവരെയുമായി നോക്കി. ജനങ്ങള്‍ സന്തോഷിച്ചു

'അവസാനം കഴുത സമ്മതം മൂളിയിരിക്കുന്നു' 

അവര്‍ വിളിച്ചു പറഞ്ഞു.
സ്ഥലത്തിന്റെ ഉടമ ഉടനെ കുറെ കുറ്റികള്‍ കൊണ്ടു വന്ന് കൃഷിയിടത്തെ രണ്ടു പകുതിയായി അളന്ന് മുറിച്ച് ഒരു ഭാഗം കഴുതക്കു നല്‍കി. മറ്റേ ഭാഗം അയാളുമെടുത്തു.

പിറ്റേന്നു രാവിലെ കര്‍ഷകന്‍ വന്നു നോക്കിയപ്പോള്‍ കഴുത തന്റെ ഭാഗം ഒഴിവാക്കി കര്‍ഷകന്റെ ഭാഗത്തില്‍ കടന്ന്
വിളവു തിന്നുന്നതാണു കണ്ടത്.

നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ വീണ്ടും പ്ലക്കാര്‍ഡുകളും പ്രകടനങ്ങളുമായി വീണ്ടുമൊരു സമരത്തെക്കുറിച്ചാലോചിച്ചു തുടങ്ങി പക്ഷേ ഇനിയുമൊരു ശ്രമം വിഫലമാകുമോ എന്ന് അവര്‍ ഭയന്നു. ഇത് നമ്മുടെ നാട്ടിലെ കഴുതയല്ലെന്നും മറ്റെവിടെ നിന്നോ വന്നതാണെന്നും അതാണിതിനു മനസ്സിലാകാത്തതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അവസാനം ഉടമ തന്റെ നിലവും ഉപേക്ഷിച്ച്  വേറെ നാട്ടിലേക്ക് പോകാനുള്ള വഴികള്‍ ആലോചിച്ചു. പക്ഷെ ഹതാശയരായ മുഴുവന്‍ ഗ്രാമീണരെയും ഞെട്ടിച്ചു കൊണ്ട് അപ്പോള്‍ അവരുടെ ഇടയില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ ചാടി വന്ന് ഒരു വടിയെടുത്ത് പാടത്തേക്കിറങ്ങിച്ചെന്ന് കഴുതയുടെ മുതുകത്ത് നാല് വീക്കു വെച്ചു കൊണ്ടുത്തു അടികൊണ്ട് പുളഞ്ഞ കഴുത
നിലവിളിച്ചു കൃഷിയിടത്തിനു പുറത്തേക്ക് ഓടിപ്പോയി. 

'ഇതിത്രയും എളുപ്പമുള്ള സംഗതിയാണോ?' അതോ ഇതു മാന്ത്രിക വിദ്യയോ?'

അവര്‍ വിളിച്ചു പറഞ്ഞു

'ഈ കുട്ടി നമ്മളെയെല്ലാം അപമാനിച്ചിരിക്കുന്നു ആളുകള്‍ ഇനി നമ്മെ പരിഹസിക്കും'

ഉടനെ അവര്‍ സംഘം ചേര്‍ന്ന് ആ ചെറുപ്പക്കാരനെ കൊന്നു കളയുകയും ആളുകള്‍ക്കിടയില്‍ തലയുയര്‍ത്തി നടക്കാന്‍
കഴുതയെ തിരികെ കൃഷിയിടത്തിലെത്തിക്കുകയും ചെയ്തു.

പിന്നീടവര്‍ ആ ചെറുപ്പക്കാരനെ രക്ത സാക്ഷിയായി വാഴ്ത്തുകയും ചെയ്തു.

No comments: